Friday, July 18, 2008

ദില്ലി കസേരകളുടെ കാന്തബലം

ദില്ലിയിലെ കസേരകൾക്ക്‌ ഇത്രക്കു കാന്തബലമുണ്ടെന്നു ഞങ്ങൾ സാദാ സഖാക്കൾക്ക്‌ ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഏ കെ ജി ക്കുശേഷം പാർലമെന്റു കണ്ട മികച്ച ഇടതുപക്ഷ ശിങ്കം എന്നാണ് തലസ്താനത്തെ പത്ര പ്രവർത്തക പുലികളും ഞങ്ങളുടെ നേതാക്കന്മാരും സഖാവ്‌ സോമനാഥ്‌ ചാറ്റർജി യെ വിശേഷിപ്പിച്ചി രുന്നത്. അങ്കത്തട്ടേറിയ ആരോമൽ ചേകവരെപ്പോലെ നെഞ്ചുവിരിച്ചുള്ള ആ നിൽപും മുഖഭാവങ്ങളുമെല്ലാം എത്ര വട്ടം കണ്ടഭിമാനിച്ചു ഞങ്ങൾ. നമ്മൾക്കു നിർണ്ണായക സ്വാധീനം ചെലുത്താനാകാത്ത ഒരു സർക്കാരിലും പങ്കാളിത്തം വേണ്ട എന്ന സുചിന്തിത നിലപാടിന്റെ ലംഘനമല്ലേ സ്പീക്കർ പദവി എന്ന് ബ്രാഞ്ചിൽ ചില സഖാക്കൾ സംശയിച്ചിരുന്നു എന്നതു നേര്. പക്ഷേ ഏരിയ കമ്മിറ്റിയിൽ നിന്നു വന്ന ഗോപാലേട്ടൻ അവരുടെ തൊലി പൊളിച്ചു. പാർട്ടിയുടെ അടവുകളെയും തന്ത്രങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നതിലുള്ള പിഴവാണു ഇത്തരം സംശയങ്ങള്‍‌ക്ക് കാരണമെന്നു ഗോപലേട്ടൻ ഒന്നു കുത്തിയതോടെ അവരുടെ ഇളക്കം തീർന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി നമ്മുടെ സഖാക്കൾ പാർലമെന്റിൽ അലറി വിളിക്കുമ്പോൾ അവർക്കു ഒരു മിനിറ്റുകൂടിയെങ്കിലും കൂട്ടി നൽകാനും അവരെ പ്രോൽസാഹിപ്പിക്കാനുമൊക്കെ സ്പീക്കറായി "നമ്മടെ ഒരാൾ" ഒണ്ടാവുന്നത്‌ നല്ലതല്ലേ എന്നു ബ്രാഞ്ചു കഴിഞ്ഞു വരുമ്പോൾ ഞാനും മുരളിയോട്‌ ചോദിച്ചിരുന്നു.
കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു സഖാവ്‌ കാരാട്ട്‌ പത്ര സമ്മേളനം നടത്തി കഴിഞ്ഞ ഉടനെ കോൺഗ്രസ്സുകാരുടെ ആപ്പീസിന്റെ മുന്നിലിട്ടാണു ഞങ്ങൾ പടക്കം പൊട്ടിച്ചത്‌. ആ ഞങ്ങളോടാണ് ചാറ്റർജി സഖാവ്‌ ഈ ചെയ്ത്ത്‌ ചെയ്തത്‌. പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചാൽ പിന്നെ, “ഞാനില്ല ഈ കസേര വിട്ടു ഞാൻ എങ്ങോട്ടുമില്ല” എന്നു പറഞ്ഞു പിണങ്ങിയിരിക്കുന്നതാണോ അടവും തന്ത്രവും അറിയാവുന്ന നേതാക്കന്മാർ ചെയ്യുക. പണ്ടു ഞങ്ങളുടെ മണ്ഡലത്തിൽ തലശേരിയിൽ നിന്നൊരു മാഷെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ ജയദേവൻ സഖാവ്‌ ഇതുപോലെ പിണങ്ങി ഏരിയ കമ്മിറ്റി യോഗത്തിൽ നിന്നു ഇറങ്ങിപ്പോയിരുന്നു. പിന്നെ പാർട്ടി ക്ലാസ്സുകളിൽ പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചു ക്ലാസ്സെടുക്കുമ്പോൾ ജയദേവേട്ടന്റെ മുഖത്തു ചമ്മലുണ്ടെന്നു മുരളി പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നീട്ടുണ്ട്‌. പിന്നെ സഖാവ് ഇ എം എസിനെ വരെ വെട്ടി മാറ്റി ജയദേവേട്ടന്‍ സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ ഞങ്ങൾക്കൊന്നും തോന്നിയില്ല.
അംഗങ്ങളുടെ അച്ചടക്കത്തിന്റെയും മറ്റും പേരിൽ നമ്മുടെ സഖാക്കളെ ചാറ്റർജി സഖാവ്‌ രൂക്ഷമായി വിമർശിക്കുംബോൾ ഇയാൾക്കിതെന്ത്‌ പറ്റി എന്നു മുരളി ദേഷ്യപ്പെടുമായിരുന്നു. “അച്ചടക്കം പഠിക്കാനല്ല പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനാ നമ്മൾ സഖാക്കളെ അയച്ചിരിക്കുന്നത്”‌ എന്നെല്ലാം അവൻ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നതേ ഉള്ളൂ. പാർട്ടി എന്തെങ്കിലും കണ്ടിട്ടുണ്ടാവും, ഞാൻ വിചാരിച്ചു. അല്ലാതെ, പന്നിത്തൊഴുത്ത്‌ എന്നു സഖാവു ലെനിൻ വിശേഷിപ്പിച്ച ബൂർഷ്വാ പാർലമെന്റിനെ അങ്ങു നന്നാക്കിക്കളയാമെന്നു ചാറ്റർജി വിചാരിച്ചിട്ടുണ്ടാവില്ല എന്നെനിക്കു ഉറപ്പായിരുന്നു. പക്ഷെ, പത്രങ്ങളിലെ വാർത്തകളിലൊക്കെ എന്തോ മണക്കുന്നു. വയസ്സനാം കാലത്ത്‌ ചാറ്റർജി സഖാവിനും പിടിച്ചോ കസേരപ്പനി..? ഈ പിന്തുണ പിൻവലിക്കൽ ഒരു ഹിമാലയൻ ബ്ലണ്ടർ ആയിരുന്നുവെന്ന് അദ്ദേഹവും പറയുമോ. ഞങ്ങളുടെ നേതാക്കൾക്കിതെന്ത്‌ പറ്റി...?

Friday, July 4, 2008

മൂലമ്പള്ളിയില്‍ നിന്നൊരു കത്ത്

ജനശക്തിയില്‍ പ്രസിദ്ധീകരിച്ച സാറ ടീച്ചറുടെ ലേഖനം

തമ്പാനും മുതലാളിക്കും മൂലമ്പിള്ളിയില്‍ നിന്നൊരു കത്ത്‌
സാറാ ജോസഫ്

തമ്പ്രാ,കാലവര്‍ഷം കലിതുള്ളി വരുന്നു! ഇടിയും പേമാരിയും വരും. കൊടുങ്കാറ്റ്‌ ചീറിവരും. വെള്ളം പൊങ്ങും. പല പല പനി പടരും.ഞങ്ങള്‍ പെരുവഴിയിലാണ്‌. മേല്‍ക്കൂരയില്ല. ചുവരുകളില്ല. ചവിട്ടി നില്‌ക്കാന്‍ സ്വന്തം മണ്ണില്ല. ഞങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്‌ ഞങ്ങളെ പെരുവഴിയിലിറക്കിയത്‌ തമ്പ്രാന്മാരാണ്‌.കഴിഞ്ഞ വേനലില്‍, ടാര്‍ റോഡുകള്‍ തിളച്ചുരുകുമ്പോള്‍, ഓട്ടിലിട്ട നെന്മണി പോലെ പൊരിഞ്ഞ്‌, എറണാകുളത്തെ കച്ചേരിപടിയ്‌ക്കല്‍ ഞങ്ങള്‍ ഒരുപാടു ദിവസം സമരം ചെയ്‌തു. അനീതിയ്‌ക്കെതിരെ മുറവിളി കൂട്ടി. ഏസിക്കാറില്‍ തണുത്തുകുളിര്‍ന്ന്‌ ഒരുപാടുവട്ടം തമ്പ്രാന്‍ അതിലേ കടന്നുപോയി. ചുട്ടുപൊള്ളുന്ന മക്കളെ നനമുണ്ടുകൊണ്ടുവീശിത്തണുപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ സമരപ്പന്തലില്‍ ഇരുന്നു, നീതിയ്‌ക്ക്‌ വേണ്ടി നിലവിളിച്ചു. വേനല്‍ക്കാലം മുഴുവന്‍ കടന്നുപോയി.ഏമാനേ,കഴിഞ്ഞ കര്‍ക്കിടകത്തില്‍, ഏമാനെ പോലെത്തന്നെ കാലവര്‍ഷം ആസ്വദിച്ചുകൊണ്ട്‌ സ്വന്തം വീടിന്റെ ഉമ്മറത്തിരുന്നവരാണ്‌ ഞങ്ങള്‍. ഇത്തിരി മണ്ണില്‍ ഞങ്ങള്‍ നട്ടു നനച്ചുവളര്‍ത്തിയ തെങ്ങും വാഴയും ചേമ്പും ചേനയും മക്കളുടെ പൂച്ചെടികളും മഴ നനഞ്ഞ്‌ നൃത്തം ചെയ്യുന്നതും നോക്കി. ഞങ്ങളുടെ വീട്ടിലും പഠിയ്‌ക്കാന്‍ പോയ കുട്ടികളും പണിയ്‌ക്കുപോയ ആണുങ്ങളും മഴ നനഞ്ഞ്‌ കേറിവരും. ഉമ്മറത്ത്‌ കുട മടക്കി വെച്ച്‌ ചവിട്ടിയില്‍ കാലുതുടച്ച്‌ അകത്തേക്ക്‌ കയറും. ഉണങ്ങിയ വസ്‌ത്രം ധരിച്ച്‌, ചൂടുള്ള ചോറുണ്ട്‌, ടി വി കണ്ട്‌, തല്ലുകൂടി, സ്‌നേഹിച്ച്‌, അയല്‍പക്കത്തെപ്പറ്റി തെല്ലു കുശുമ്പുപറഞ്ഞ്‌, ഇല്ലായ്‌മവല്ലായ്‌മകള്‍ പങ്കിട്ടു, പ്രാര്‍ത്ഥിച്ചുകിടന്നുറങ്ങും. മക്കളെയും കെട്ടിപ്പിടിച്ച്‌. ഞങ്ങള്‍ ജീവിച്ചിരുന്ന വീട്‌ ഇടിച്ചുതകര്‍ത്തത്‌ നിങ്ങളല്ലേ തമ്പ്രാ? ഞങ്ങളുടെ തലയ്‌ക്കുമുകളിലെ മേല്‍ക്കൂര തകര്‍ത്തിട്ട്‌ ദിവസങ്ങളും മാസങ്ങളും എത്ര കടന്നുപോയെന്ന്‌ ഓര്‍മ്മയുണ്ടോ? ഓര്‍മ്മകള്‍ ഉണ്ടായിരിയ്‌ക്കണമല്ലോ? മൂലമ്പിള്ളിക്കാര്‍ ഇവിടെത്തന്നെ നില്‌ക്കുകയാണ്‌. നിങ്ങള്‍ തകര്‍ത്തെറിഞ്ഞ ഞങ്ങളുടെ വീടുകളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍. തൊട്ടടുത്ത നിമിഷത്തില്‍ വികസനം നടത്താന്‍ വേണ്ടി നിങ്ങള്‍ പൊളിച്ചിട്ട ചുവരുകള്‍ വെള്ളത്തിലലിഞ്ഞുപോകുന്നതും നോക്കി. നിങ്ങളെങ്ങന്നെ നിങ്ങളായി എന്നോര്‍ത്തുകൊണ്ട്‌. കാലവര്‍ഷം ഇനിയും അതിന്റെ തനി സ്വരൂപം കാട്ടിയിട്ടില്ല. ഞങ്ങളെ ഓര്‍ത്തിട്ടുകൂടിയാവാം.ഞങ്ങളുടെ സുരക്ഷിതത്വത്തിന്‌ ഗണ്‍മാനും പൊലീസും പട്ടാളവും ഒന്നും വേണ്ടാ? ഏമാനേ, വാസ്‌തുവിദ്യപ്രകാരം പണിതുണ്ടാക്കിയ മണിമന്ദിരങ്ങളും വേണ്ടാ. ഞങ്ങള്‍ക്ക്‌ ഞങ്ങടെ ചുമരുകളുടെ കാവല്‍ മതി. മേല്‍ക്കൂരകളുടെ സംരക്ഷണം മതി. അടച്ചുറപ്പുള്ള മുറികളില്‍ കിടന്നുറങ്ങിയിരുന്ന ഞങ്ങളുടെ പെണ്‍മക്കള്‍, ഇന്ന്‌ പെരുവഴിയിലുറങ്ങുന്നത്‌ ഏമാന്‍ കാരണമാണ്‌. അവരുടെ സങ്കടത്തിനും ഞങ്ങളുടെ നഷ്‌ടത്തിനും ഉല്‍ക്കണ്‌ഠകള്‍ക്കും കാരണം ഏമാനാണ്‌. ഏമാന്‍ കമ്മ്യൂണിസ്റ്റേമാനാണ്‌ എന്നതോര്‍ക്കുമ്പോള്‍, വല്ലാത്ത അമര്‍ഷം തോന്നുന്നു. കോണ്‍ഗ്രസ്‌ ഏമാന്‍മാര്‍ കുടിയിറക്ക്‌ നടത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാരാണ്‌ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി സമരം ചെയ്‌തിട്ടുള്ളതെന്ന്‌ ഞങ്ങളും കേട്ടിട്ടുണ്ട്‌. അതൊക്കെ അന്തകാലം അല്ലേ?ഇന്തകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ ഏമാന്‍മാര്‍ക്ക്‌ തന്നെ കുടിയിറക്ക്‌ നടത്തേണ്ടിവരുന്നത്‌, അവര്‍ കോണ്‍ഗ്രസ്സ്‌കാരായിപ്പോയതുകൊണ്ടാണോ ഏമാനേ? അതോ കമ്മ്യൂണിസ്റ്റ്‌കാര്‌ കുടിയിറക്കിയാല്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ ഒന്നും സംഭവിക്കില്ല എന്നാണോ? തള്ള ചവിട്ടിയാല്‍ പിള്ളയ്‌ക്ക്‌ ഒന്നും പറ്റില്ലാന്ന്‌ പറയണപോലെ വല്ല കാരുണ്യവും കരുതിവെച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ കാലവര്‍ഷത്തിനു മുമ്പ്‌ വേണം എന്നേ ഉള്ളൂ. വല്യേ വല്യേ ഏമാന്‍മാര്‍ക്ക്‌ വല്യേ വല്യേ വികസനപ്രവര്‍ത്തനങ്ങളൊക്കെ നടത്താന്‍ റോഡും റെയിലും വെട്ടുന്നത്‌ ഞങ്ങളെപ്പോലുള്ളവരുടെ നെഞ്ചത്തുകൂടെ തന്നെ വേണമെന്നുണ്ടോ? കുറച്ചപ്പുറത്തേയ്‌ക്ക്‌ മാറിയാല്‍ കവി വൈലോപ്പിള്ളി പറഞ്ഞതുപോലെ ``പോംവഴി മറ്റൊരുവിധം'' ഉണ്ടെന്ന്‌ വിവരമുള്ള ഒരുപാടുപേര്‍ ചൂണ്ടിയും വരച്ചും കാട്ടിയിട്ടും ഏമാനത്‌ ബോധ്യമാവാഞ്ഞിട്ടോ? ബോധ്യപ്പെട്ടാല്‍ കമ്മീഷന്‍ കിട്ടില്ല എന്നോര്‍ത്തിട്ടോ? ഏമാന്റെ പാര്‍ട്ടി ഒരു വര വരച്ചാല്‍ അതിലൂടെയേ റെയിലുപോകൂ, റോഡു പോകൂ, കുതിര പോകൂ എന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം എന്ന്‌ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരൊന്നുമല്ല ഞങ്ങള്‌. പക്ഷെ ഞങ്ങള്‌ തലമുറകളായി ജീവിച്ചുപോന്ന മണ്ണിലൂടെ ഏമാന്‍ വരവരയ്‌ക്കുമ്പോഴും ഞങ്ങളുടെ അടുക്കളയിലൂടെ ചങ്ങല വലിയ്‌ക്കുമ്പോഴും ഞങ്ങള്‌ കൈയും കെട്ടി കുത്തിയിരിയ്‌ക്കുമോ? വേലി കെട്ടി വളച്ചും മതിലുകെട്ടി ഭദ്രമാക്കിയും ഞങ്ങളുടെ രണ്ടു മൂന്നും അഞ്ചും പത്തും സെന്റ്‌ മണ്ണില്‍ നിന്ന്‌ ഒരു തരി പോലും അന്യാധീനപ്പെടാതെ കാത്തുസൂക്ഷിച്ചവരാണ്‌ ഞങ്ങള്‍. വിറ്റുപോകേണ്ട ഗതികേട്‌ വന്നിട്ടും കിടപ്പാടം പോയാലോ എന്ന്‌ പേടിച്ചു കാത്തുസൂക്ഷിച്ചവര്‍. വിറ്റാല്‍ ഞങ്ങള്‍ക്ക്‌ പൊന്നും വില കിട്ടുന്ന ഭൂമിയാണത്‌. ഞങ്ങള്‍ക്ക്‌ വലിയ അത്യാഗ്രഹങ്ങളൊന്നും ഇല്ല. നാഴിയിടങ്ങഴി മണ്ണും അതിലെ കൊച്ചുവീടും സ്വന്തമായി ഇരിയ്‌ക്കണം. കടബാധ്യത വരാതെ നോക്കണം. എന്നിട്ടും ഞങ്ങള്‍ക്ക്‌ കടവും ബുദ്ധിമുട്ടുകളും ഉണ്ട്‌. ഒരുതരി മണ്ണില്ലാത്ത അനേകായിരങ്ങളെവെച്ചുനോക്കുമ്പോള്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരായിരുന്നു എന്നുമാത്രം.മുതലാളീ, നിങ്ങളുടെ ഉദ്യോഗസ്ഥന്മാരും പൊലീസുകാരും വന്ന്‌, ഞങ്ങളുടെ വീടുകള്‍ വലിച്ചു പൊളിച്ചിടുന്നത്‌ കണ്ണുള്ളവരൊക്കെ കാണുകയും കാതുള്ളവരൊക്കെ കേള്‍ക്കുകയും ചെയ്‌തതാണ്‌. ഹൃദയമുള്ളവരൊക്കെ ഓടിക്കൂടിയപ്പോള്‍ ഏമാന്‍ അടവുമാറ്റി. സമരം വലുതാകുന്നെന്ന്‌ കണ്ടപ്പോള്‍ ഏമാന്റെ മന്ത്രിമാര്‍ ഞങ്ങളോട്‌ മാപ്പു പറഞ്ഞതും ചെമ്പിലമ്പഴങ്ങ പുഴുങ്ങിത്തരാമെന്ന്‌ ഏമാന്‍ വാഗ്‌ദാനം ചെയ്‌തതും ലോകം മുഴുവന്‍ കണ്ടതാണ്‌. ഞങ്ങള്‍ക്ക്‌ മുതലാളിയുടെ തറവാട്ടുസ്വത്തില്‍നിന്നോ ജനങ്ങളുടെ പൊതുഖജനാവില്‍ നിന്നോ സൗജന്യമായി ഒന്നും വേണ്ടാ. മൂലമ്പിള്ളിയില്‍ പൊന്നുംവിലയുള്ള ഞങ്ങളുടെ സ്വന്തം മണ്ണിന്റെ വില, ഞങ്ങളുടെ വീടിന്റെ വില തന്നേ പറ്റൂ. അത്‌ ഞങ്ങടെ അവകാശമാണ്‌. വിശ്വാസ പ്രമാണങ്ങള്‍ക്ക്‌ വിപരീതം ചെയ്‌തുകൊണ്ടല്ലാതെ മുതലാളിയ്‌ക്ക്‌ ഞങ്ങടെ അവകാശം നിഷേധിക്കാന്‍ കഴിയില്ല. പ്രത്യയശാസ്‌ത്രത്തിന്റെ പവറിലല്ല, കാര്യങ്ങള്‍ പോകുന്നതെന്ന്‌ ഞങ്ങളെപ്പോഴേ മനസ്സിലാക്കി മുതലാളീ. നമ്മള്‌ തമ്മിലുള്ള വര്‍ഗ്ഗവൈരുദ്ധ്യം ഇനി മുതലാളി വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റില്ല.`സ്‌മാര്‍ട്ട്‌സിറ്റി' പാക്കേജിന്റെ അളവില്‍ ഒരു നഷ്‌ടപരിഹാരത്തിന്‌ ഞങ്ങള്‍ വഴങ്ങുമെന്ന്‌ അറിയിച്ചിരുന്നു. മുതലാളി വിട്ടുതരില്ലെന്ന്‌ അന്നേ തോന്നിയിരുന്നു. ഖജനാവ്‌ മുതലാളിയുടെ ...............ന്റെ വകയായിപ്പോയില്ലേ. കോരിച്ചൊരിയുന്ന മഴയത്ത്‌ ഞങ്ങള്‍ നില്‌ക്കുകയാണ്‌. ചരിത്രത്തില്‍ ഇതുപോലത്തെ മുഹൂര്‍ത്തങ്ങള്‍ വേറെയും ഉണ്ട്‌. അന്നൊക്കെ മുതലാളി/തൊഴിലാളി, ജന്മി, കുടിയാന്‍ ബന്ധങ്ങളാണുണ്ടായിരുന്നത്‌. ഇന്ന്‌ വരമ്പൊക്കെ തട്ടിനിരപ്പാക്കിയില്ലേ. വര്‍ഗ്ഗ ശത്രു ആരാ? വേണ്ട. എ കെ ജിയെ മുതലാളി ഓര്‍ക്കണ്ടാ. തലവേദന വരും.മുതലാളീ, മുതലാളിയാണ്‌ ശരിയായ മുതലാളി. ദലിതരും ഭൂരഹിതകര്‍ഷകത്തൊഴിലാളികളുമടങ്ങിയ വലിയ വിഭാഗം മനുഷ്യര്‍, മണ്ണില്‍ പണിയെടുക്കുന്നവര്‍ കൃഷിഭൂമിചോദിക്കുന്നു. കൂരകെട്ടിക്കിടക്കാന്‍ ഒരു തുണ്ട്‌ ഭൂമി ആവശ്യപ്പെടുന്നു. മുതലാളി നഗ്നനല്ല, ബധിരനാണ്‌. മുതലാളി കാണുന്നില്ല, കേള്‍ക്കുന്നില്ല, മിണ്ടുന്നില്ല. സിനിമയിലെ തമാശക്കാരന്‍ പറഞ്ഞതുപോലെ മുതലാളി `ബധിരനും മൂങ്ങനു'മാണ്‌. അതേസമയം ഗോള്‍ഫുകളിക്കാരന്‍ പേടിപ്പിച്ചപ്പോള്‍ മുതലാളി പേടിച്ചു. നെല്ല്‌ കൃഷി ചെയ്‌തില്ലെങ്കിലും വേണ്ടില്ല, ഗോള്‍ഫു കളി നടക്കണം. നോക്കിക്കോ, ഗോള്‍ഫുനിലം തൊട്ടുകളിക്കാന്‍ ഒരു കര്‍ഷകത്തൊഴിലാളിയും കൊതിയ്‌ക്കേണ്ടെന്ന്‌ മുതലാളി ജി ഓ ഇറക്കും. ഉറപ്പാണ്‌. `കേരളത്തിന്റെ വരുമാനം കൂട്ടുന്നതില്‍ ഗോള്‍ഫുകളിയുടെ പങ്ക്‌' എന്ന വിഷയം ഗവേഷണം ചെ യ്യാന്‍ ഒരുപാട്‌ സാമ്പത്തിക വിദഗ്‌ദ്ധരും ഉപദേശകരും മുതലാളിയെ സഹായിക്കും. സഹായിക്കട്ടെ. മുതലാളിയുടെ കാ ലുനക്കുന്നവരല്ലേ സഹായിക്കണമല്ലോ.പക്ഷെ ഈ ദലിതരും ആദിവാസികളും ദരിദ്രഭൂരഹിതരും ഒക്കെയുണ്ടല്ലോ. അവര്‍ ഇളകിപ്പുറപ്പെട്ടാല്‍ മുതലാളി വെള്ളം കുടിയ്‌ക്കും കേട്ടോ. അവരെ തല്ലിച്ചതയ്‌ക്കാം. വെടിവയ്‌ക്കാം, ജെ സി ബി വെച്ചുനിരത്താം. വെട്ടിവിഴുങ്ങാം എന്നൊക്കെ മുതലാളി വ്യാമോഹിച്ചോ. വ്യാമോഹിക്കാന്‍ വലിയ ചിലവൊന്നും ഇല്ലല്ലോ. പക്ഷെ അവര്‍ ഇറക്കുന്ന ചില പ്രമേയങ്ങളും നോട്ടീസുകളും ലഘുലേഖകളുമൊക്കെ ഭയങ്കരകുഴപ്പമാണ്‌ മുതലാളീ. മാവോയിസ്റ്റുകളെന്ന്‌ മുദ്രകുത്തിയതുകൊണ്ടൊന്നും സത്യംസത്യമല്ലാതാവില്ലല്ലോ. അവര്‌ പറയുന്നത്‌ മുതലാളിയുടെ കൈയിലുള്ള ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയല്ല, ശരിയ്‌ക്കുള്ള കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എന്നാണ്‌. ഒരുപക്ഷെ, മുതലാളിയുടെ പാര്‍ട്ടിയെപ്പറ്റി അവര്‍ക്ക്‌ ഒരു ചുക്കും അറിഞ്ഞുകൂടാത്തതുകൊണ്ടായിരിക്കും. അവര്‌ പറയുകയാണ്‌.`ഭൂമി' നിര്‍വചിയ്‌ക്കപ്പെടണം എന്ന്‌. മനുഷ്യര്‍ക്ക്‌ കൃഷിചെയ്‌ത്‌ ഭക്ഷ്യോല്‌പാദനം നടത്താനും വീടുകെട്ടിപാര്‍ക്കാനും വ്യാപാരവ്യവസായങ്ങള്‍ നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കപ്പെട്ടിരുന്ന ഭൂമി കള്ളപ്പണക്കാരന്റെയും മാഫിയാകളുടെയും ഊഹമൂലധനശക്തികളുടെയും സമ്പത്ത്‌ സൂക്ഷിക്കാനുള്ള ഉപാധിയായി മാറിയതിന്‌ പിന്നില്‍ കേരളം മാറിമാറിഭരിച്ച ഇടതു വലതു മുന്നണികള്‍ക്ക്‌ വലിയ പങ്കുണ്ട്‌. മുന്നണികളും റിയല്‍ എസ്റ്റേറ്റുമാഫിയകളും തമ്മിലുള്ള അവിഹിതബന്ധം മൂലമാണ്‌ കേരളത്തിലെ കൃഷിഭൂമികള്‍ അപ്രത്യക്ഷമായതും അന്നം മുട്ടിയതും വിലകൂടിയതുമെന്ന്‌. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ സ്വന്തം തുണ്ടു ഭൂമികളില്‍ നിന്ന്‌ തുരത്തപ്പെട്ടതെന്ന്‌. അതുമല്ല മുതലാളീ, കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ `ഭൂമി'യുടെ മേല്‍ പിടിമുറുക്കിയത്‌ മൂലധനശക്തികള്‍ക്ക്‌ ഏജന്റുപണിചെയ്‌തുകൊണ്ടാണെന്നും പറയുന്നു. അതില്‍ ഏറ്റവും വലിയ വഞ്ചനനടക്കുന്നത്‌ ഇക്കാലത്താണെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമായി. ഞങ്ങള്‍ കുടിയിറക്കപ്പെട്ടിട്ട്‌ ഇന്നേയ്‌ക്ക്‌ 142 ദിവസമായി.ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന്‌ മുതലാളി എന്തുചെയ്‌തു?ഞങ്ങള്‍ മൂലമ്പിള്ളിക്കാര്‍ക്ക്‌ ആരുടെയും ഓശാരമൊന്നും വേണ്ട. ഞങ്ങളുടെ കൈയില്‍ നിന്ന്‌ പിടിച്ചുപറിച്ചെടുത്തത്‌ തിരിച്ചുതരണം. ഞങ്ങളുടെ മണ്ണ്‌, ചുവരുകള്‍, മേല്‌ക്കൂര, സുരക്ഷിതത്വം, മുറിയ്‌ക്കകത്തെ ചൂടുള്ള പ്രാര്‍ത്ഥന, തലമുറകളുടെ സംസ്‌കാരം.

Blog Archive

About Me

My photo
കൂത്തുപറമ്പ്, India
ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്‍‌ക്ക നീ..!!