Friday, July 18, 2008

ദില്ലി കസേരകളുടെ കാന്തബലം

ദില്ലിയിലെ കസേരകൾക്ക്‌ ഇത്രക്കു കാന്തബലമുണ്ടെന്നു ഞങ്ങൾ സാദാ സഖാക്കൾക്ക്‌ ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഏ കെ ജി ക്കുശേഷം പാർലമെന്റു കണ്ട മികച്ച ഇടതുപക്ഷ ശിങ്കം എന്നാണ് തലസ്താനത്തെ പത്ര പ്രവർത്തക പുലികളും ഞങ്ങളുടെ നേതാക്കന്മാരും സഖാവ്‌ സോമനാഥ്‌ ചാറ്റർജി യെ വിശേഷിപ്പിച്ചി രുന്നത്. അങ്കത്തട്ടേറിയ ആരോമൽ ചേകവരെപ്പോലെ നെഞ്ചുവിരിച്ചുള്ള ആ നിൽപും മുഖഭാവങ്ങളുമെല്ലാം എത്ര വട്ടം കണ്ടഭിമാനിച്ചു ഞങ്ങൾ. നമ്മൾക്കു നിർണ്ണായക സ്വാധീനം ചെലുത്താനാകാത്ത ഒരു സർക്കാരിലും പങ്കാളിത്തം വേണ്ട എന്ന സുചിന്തിത നിലപാടിന്റെ ലംഘനമല്ലേ സ്പീക്കർ പദവി എന്ന് ബ്രാഞ്ചിൽ ചില സഖാക്കൾ സംശയിച്ചിരുന്നു എന്നതു നേര്. പക്ഷേ ഏരിയ കമ്മിറ്റിയിൽ നിന്നു വന്ന ഗോപാലേട്ടൻ അവരുടെ തൊലി പൊളിച്ചു. പാർട്ടിയുടെ അടവുകളെയും തന്ത്രങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നതിലുള്ള പിഴവാണു ഇത്തരം സംശയങ്ങള്‍‌ക്ക് കാരണമെന്നു ഗോപലേട്ടൻ ഒന്നു കുത്തിയതോടെ അവരുടെ ഇളക്കം തീർന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി നമ്മുടെ സഖാക്കൾ പാർലമെന്റിൽ അലറി വിളിക്കുമ്പോൾ അവർക്കു ഒരു മിനിറ്റുകൂടിയെങ്കിലും കൂട്ടി നൽകാനും അവരെ പ്രോൽസാഹിപ്പിക്കാനുമൊക്കെ സ്പീക്കറായി "നമ്മടെ ഒരാൾ" ഒണ്ടാവുന്നത്‌ നല്ലതല്ലേ എന്നു ബ്രാഞ്ചു കഴിഞ്ഞു വരുമ്പോൾ ഞാനും മുരളിയോട്‌ ചോദിച്ചിരുന്നു.
കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു സഖാവ്‌ കാരാട്ട്‌ പത്ര സമ്മേളനം നടത്തി കഴിഞ്ഞ ഉടനെ കോൺഗ്രസ്സുകാരുടെ ആപ്പീസിന്റെ മുന്നിലിട്ടാണു ഞങ്ങൾ പടക്കം പൊട്ടിച്ചത്‌. ആ ഞങ്ങളോടാണ് ചാറ്റർജി സഖാവ്‌ ഈ ചെയ്ത്ത്‌ ചെയ്തത്‌. പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചാൽ പിന്നെ, “ഞാനില്ല ഈ കസേര വിട്ടു ഞാൻ എങ്ങോട്ടുമില്ല” എന്നു പറഞ്ഞു പിണങ്ങിയിരിക്കുന്നതാണോ അടവും തന്ത്രവും അറിയാവുന്ന നേതാക്കന്മാർ ചെയ്യുക. പണ്ടു ഞങ്ങളുടെ മണ്ഡലത്തിൽ തലശേരിയിൽ നിന്നൊരു മാഷെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ ജയദേവൻ സഖാവ്‌ ഇതുപോലെ പിണങ്ങി ഏരിയ കമ്മിറ്റി യോഗത്തിൽ നിന്നു ഇറങ്ങിപ്പോയിരുന്നു. പിന്നെ പാർട്ടി ക്ലാസ്സുകളിൽ പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചു ക്ലാസ്സെടുക്കുമ്പോൾ ജയദേവേട്ടന്റെ മുഖത്തു ചമ്മലുണ്ടെന്നു മുരളി പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നീട്ടുണ്ട്‌. പിന്നെ സഖാവ് ഇ എം എസിനെ വരെ വെട്ടി മാറ്റി ജയദേവേട്ടന്‍ സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ ഞങ്ങൾക്കൊന്നും തോന്നിയില്ല.
അംഗങ്ങളുടെ അച്ചടക്കത്തിന്റെയും മറ്റും പേരിൽ നമ്മുടെ സഖാക്കളെ ചാറ്റർജി സഖാവ്‌ രൂക്ഷമായി വിമർശിക്കുംബോൾ ഇയാൾക്കിതെന്ത്‌ പറ്റി എന്നു മുരളി ദേഷ്യപ്പെടുമായിരുന്നു. “അച്ചടക്കം പഠിക്കാനല്ല പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനാ നമ്മൾ സഖാക്കളെ അയച്ചിരിക്കുന്നത്”‌ എന്നെല്ലാം അവൻ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നതേ ഉള്ളൂ. പാർട്ടി എന്തെങ്കിലും കണ്ടിട്ടുണ്ടാവും, ഞാൻ വിചാരിച്ചു. അല്ലാതെ, പന്നിത്തൊഴുത്ത്‌ എന്നു സഖാവു ലെനിൻ വിശേഷിപ്പിച്ച ബൂർഷ്വാ പാർലമെന്റിനെ അങ്ങു നന്നാക്കിക്കളയാമെന്നു ചാറ്റർജി വിചാരിച്ചിട്ടുണ്ടാവില്ല എന്നെനിക്കു ഉറപ്പായിരുന്നു. പക്ഷെ, പത്രങ്ങളിലെ വാർത്തകളിലൊക്കെ എന്തോ മണക്കുന്നു. വയസ്സനാം കാലത്ത്‌ ചാറ്റർജി സഖാവിനും പിടിച്ചോ കസേരപ്പനി..? ഈ പിന്തുണ പിൻവലിക്കൽ ഒരു ഹിമാലയൻ ബ്ലണ്ടർ ആയിരുന്നുവെന്ന് അദ്ദേഹവും പറയുമോ. ഞങ്ങളുടെ നേതാക്കൾക്കിതെന്ത്‌ പറ്റി...?

No comments:

Powered By Blogger

Blog Archive

About Me

My photo
കൂത്തുപറമ്പ്, India
ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്‍‌ക്ക നീ..!!