Tuesday, February 24, 2009

അങ്കണവാടി ടീച്ചറും മദ്രസ്സ ‘മാഷും’

അങ്കണവാടി ടീച്ചറും മദ്രസ്സയിലെ മാഷും തമ്മില്‍ എന്തു ബന്ധം എന്നതു ന്യായമായ ചോദ്യം. രണ്ടു പേരും അധ്യാപകരാണെന്നതു തന്നെ ബന്ധം. മൂന്ന് വയസ്സു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളെ പാട്ടും കളികളും പലപ്പോഴും ഇംഗ്ലിഷ് മലയാളം ആദ്യാക്ഷരങ്ങളും പഠിപ്പിക്കുന്നവരാണ് അങ്കണ്‍‌വാടി ടീച്ചര്‍മാര്‍ .ജാതിമത, സാമ്പത്തിക പരിഗണനകളൊന്നുമില്ലാതെ, ഒരുമയുടെ ബാലപാഠം ചൊല്ലിപ്പഠിപ്പിക്കുന്നവര്‍ . മദ്രസ്സയില്‍ നടക്കുന്നതും പഠനം തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമോ, അവിടുത്തെ പഠനം നിലവാരം കുറഞ്ഞത് എന്ന നിലപാടൊ ഉള്ളതു കൊണ്ടല്ല ഈ കുറിപ്പ്. ഉത്തരവാദപ്പെട്ടവരുടെ സമീപനങ്ങളിലെ വഞ്ചന ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം. ഏതെങ്കിലും ഒരു മദ്രസ്സയില്‍ പത്തുകൊല്ലമെങ്കിലും പഠിപ്പിച്ചു എന്നു പള്ളിക്കമ്മിറ്റിയുടെ കത്ത് ഹാജരാകുന്നവര്‍ക്കെല്ലാം പ്രതിമാസം 4000 രൂപ വീതം പെന്‍ഷന്‍ കൊടുക്കുമെന്ന പുരോഗമന സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടും എതിര്‍പ്പില്ല. കോടിക്കണക്കിനു സര്‍ക്കാര്‍ പണം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രായ്ക്കുരാമാനം അടിച്ചുമാറ്റുന്നു. അങ്ങനെ പോകാനുള്ള കാശില്‍ നിന്ന് കുറേ പാവപ്പെട്ട മദ്രസ്സ മാഷുമ്മര്‍ക്കു കൊടുക്കുന്നതില്‍ നമുക്കെന്തിനു വിഷമം. 4000 എന്നത്, അയ്യായിരമോ ആറായിരമോ ഇനി പതിനായിരം തന്നെയോ ആക്കിയാലും തരക്കേടില്ല. പക്ഷേ, പ്രശ്നം അവിടല്ല. പ്രശ്നം സമീപനത്തിന്റേതാണ്. മദ്രസ്സയിലെ മാഷുമ്മരെപ്പോലെ അത്ര കേമന്‍‌മാരല്ലെങ്കിലും കുഞ്ഞുമക്കളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുന്നവരാണ് കേരളത്തിലെയെങ്കിലും അങ്കണ്‍‌വാടി ടീച്ചര്‍മാര്‍ . ഏതെങ്കിലും ഒരു മതത്തിന്റെ ചുറ്റുവട്ടത്തില്‍ നിന്നല്ല അവിടെ പഠനവും കളികളും. മതേതര, ജനാധിപത്യ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു പുതു തലമുറയെ കൊണ്ടു വരുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് നമ്മുടെ അങ്കണ്‍‌വാടികള്‍ . മാന്യമായ വേതനത്തിനു വേണ്ടി അങ്ക‌ണ്‍‌വാടി ജീവനക്കാര്‍ നടത്തുന്ന സമരത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുഡീഫ് ഭരിക്കുമ്പോള്‍ എല്‍ഡി എഫും അവര്‍ ഭരിക്കുമ്പോള്‍ മറ്റവരും പാവപ്പെട്ട ടീച്ചര്‍മാരെ കലക്ടറേറ്റ് പടിക്കലും സെക്രട്ടേറിയറ്റ് പ
ടിക്കലും വിളിച്ചു വരുത്തി സമരം ചെയ്യിക്കും. അങ്കണ്‍‌വാടികളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ജോലിചെയ്യുന്നവര്‍ക്കു ഒരു മാസം കിട്ടുന്ന വേതനം നേതാക്കന്മാര്‍‌ക്കു ഒരു നല്ല ഷര്‍‌ട്ടിനു ചിലവാകുന്നതിനെക്കാള്‍ കുറവാണെന്നതു ആരും ഓര്‍‌ക്കാഞ്ഞിട്ടാണോ. ആവില്ല എന്നതു നിശ്ചയം. അവര്‍ക്ക് കഴിഞബജറ്റില്‍ പ്രഖ്യാപിച്ച നാമമാത്ര വര്‍ധന പോലും വര്‍ഷമൊന്നു കഴിഞ്ഞിട്ടും കിട്ടിയിട്ടുമില്ല. മുന്‍‌ഗണന നിശ്ചയിക്കുമ്പോള്‍ വോട്ടു ബാങ്കുള്‍ലവര്‍ക്കു വേണം ഒന്നാം സ്ഥാനം, തര്‍ക്കമില്ല. പക്ഷേ മറ്റുള്ളവര്‍‌ക്കും കഞ്ഞിക്കുള്ള വക കിട്ടുന്നുണ്ടോ എന്നും ഒരു പുരോഗമന തൊഴിലാളി വര്‍ഗ സര്‍‌ക്കാര്‍ നോക്കേണ്ടതല്ലേ.. ഒരു പ്രത്യേക മതത്തില്‍ ജനിക്കാതെ പോയതു തെറ്റാകുമോ വരും കാലം..?

2 comments:

Thaikaden said...

Ithupolulla vivechanam paadilla ennu thanneyaanu ente abhiprayam.

anil said...

Communalist Party Of India(Muslim) or
Communalist Party Of India(Ma_dani)?

Blog Archive

About Me

My photo
കൂത്തുപറമ്പ്, India
ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്‍‌ക്ക നീ..!!