Friday, April 3, 2009

ഇടതുപക്ഷം മതനിരപേക്ഷത കൈവെടിയുമ്പോള്‍

ഇടതുപക്ഷരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഏറെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മതനിരപേക്ഷതയും ജനാധിപത്യവും. വലതുപക്ഷരാഷ്‌ട്രീയത്തിനെതിരെ രാജ്യത്തെങ്ങുമുള്ള ബഹുജനങ്ങളെ അണിനിരത്തുന്നതിന്‌ തൊഴിലാളിവര്‍ഗ്ഗത്തെ മുന്നണിപ്പടയായി ഉപയോഗിക്കുമ്പോള്‍ സഖ്യശക്തികളായി ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങളെ കണ്ടെത്തിയാണ്‌ ഇടതുപക്ഷം മുന്നോട്ടുപോകുന്നത്‌. മുന്നണി രാഷ്‌ട്രീയത്തിന്‌ അടിത്തറയിട്ട ഇ എം എസ്സുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മതനിരപേക്ഷപ്രസ്ഥാനങ്ങളുടെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും സഖ്യത്തിലൂടെ തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തെ വികസിപ്പിക്കാമെന്നും പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനങ്ങളെ ഈ ദിശയില്‍ നയിക്കാമെന്നും കണ്ടെത്തുകയും തെളിയിക്കുകയും ചെയ്‌തവരാണ്‌.
ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ബൂര്‍ഷ്വാമൂല്യങ്ങളെ സഹിഷ്‌ണുതയോടെ കാണുക മാത്രമല്ല അവയുമായി സഖ്യത്തിലേര്‍പ്പെടുകയും അവ സംരക്ഷിക്കാന്‍ വാശിയോടെ പോരാടുകയും ചെയ്‌തു എന്നത്‌ തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ സവിശേഷതയാണ്‌. യൂറോപ്പില്‍ ആധുനികവല്‍ക്കരണവും നവോത്ഥാനപ്രക്രിയകളും ശക്തിപ്പെട്ടു തുടങ്ങിയതിനൊപ്പമാണ്‌ മതനിരപേക്ഷ ആശയങ്ങളും വികസിച്ചു വന്നത്‌. ജനാധിപത്യജീവിതവ്യവസ്ഥയുടെ രൂപീകരണത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥക്കെതിരെ പൊരുതി രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അടിസ്ഥാനപരമായ ജനാധിപത്യക്രമത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുള്ള മുന്നുപാധിയായി അംഗീകരിക്കുകയുണ്ടായി. സാമ്രാജ്യത്വവും വിവിധരാജ്യങ്ങളിലെ അതിന്റെ സഖ്യശക്തികളും തൊഴിലാളിവര്‍ഗ്ഗത്തെ ശിഥിലീകരിക്കുവാന്‍ ജനാധിപത്യവ്യവസ്ഥയെത്തന്നെ അട്ടിമറിക്കാന്‍ പലഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്‌. രണ്ടാംലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ്‌ യൂറോപ്പിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളില്‍ തലയുയര്‍ത്തിയ ഫാസിസ്റ്റ്‌ രാഷ്‌ട്രീയം തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തെ തകര്‍ത്തുതരിപ്പണമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ ആദ്യത്തെ ആഘാതമേറ്റത്‌ ജനാധിപത്യജീവിതവ്യവസ്ഥക്കാണ്‌. ഫാസിസ്റ്റ്‌ രാഷ്‌ട്രീയം അതിന്റെ വളര്‍ച്ചക്കുള്ള ഇന്ധനം കണ്ടെത്തിയത്‌ മതതീവ്രവാദത്തിന്റെയും വംശീയവാദത്തിന്റെയും ഓവുചാലുകളില്‍ നിന്നായിരുന്നു. സാമ്രാജ്യത്വത്തെ സംബന്ധിച്ച്‌ തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയത്തെ തകര്‍ക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകാര്യമാണ്‌. അതിനാല്‍ത്തന്നെ ഒരു ഘട്ടംവരെ ആധുനികജീവിതവീക്ഷണവും നവോത്ഥാന ചിന്തകളും പ്രോത്സാഹിപ്പിച്ച ബൂര്‍ഷ്വാസി പില്‍ക്കാലത്ത്‌ പുനരുത്ഥാനപ്രവണതകളും മതമൗലികവാദവും വംശീയവാദവും മതതീവ്രവാദവുമൊക്കെ ഉപയോഗപ്പെടുത്തി സോഷ്യലിസ്റ്റു ജീവിതവീക്ഷണത്തെയും കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനത്തെയും അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുകയുണ്ടായി. ഏതുതരം പിന്തിരിപ്പന്‍ ആശയവും മാര്‍ക്‌സിസ്റ്റ്‌ രാഷ്‌ട്രീയത്തിനെതിരെ ഉപയോഗിക്കാന്‍ സാമ്രാജ്യത്വം സന്നദ്ധമായി. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ ലോകത്തെങ്ങുമുള്ള ഇടതുപക്ഷരാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പാഠം ഇതാണ്‌.
ഇന്ത്യയെപ്പോലെ ജാതി-മത താല്‍പ്പര്യങ്ങള്‍ക്കു വമ്പിച്ച വേരോട്ടമുള്ള ഒരു സമൂഹത്തില്‍ ഇടതുപക്ഷരാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം ഏറെ ഭാരിച്ചതായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയുടെ പാരമ്പര്യത്തെ പുനര്‍വായിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ഇടതുപക്ഷചിന്തകര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കേ ആരംഭിച്ചിരുന്നു. ചരിത്രവും സംസ്‌കാരവുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ അടിത്തറയില്‍ത്തന്നെ അവര്‍ പുനരാവിഷ്‌കരിച്ചു. പലതും പുനര്‍വായിച്ചു. മതനിരപേക്ഷമായ ഒരു സാമൂഹ്യാടിത്തറ രൂപപ്പെടുത്തുന്നതിന്‌ തീവ്രമായി പരിശ്രമിച്ച ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ആദ്യപഥികര്‍ എല്ലാത്തരം വര്‍ഗ്ഗീയതയോടും പ്രാദേശിക വാദത്തോടും വിട്ടുവീഴ്‌ചയില്ലാതെ പോരാടി. നവോത്ഥാന മൂല്യങ്ങളും ഭൗതിക ചിന്തകളും ആയുധമാക്കി ഇന്ത്യന്‍ ഇടതുപക്ഷം നടത്തിയ ഊര്‍ജ്ജസ്വലമായ പോരാട്ടമാണ്‌ നമ്മുടെ സമൂഹത്തെ ആധുനികവല്‍ക്കരിച്ച ഘടകങ്ങളില്‍ പ്രമുഖമായത്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌, സോഷ്യലിസ്റ്റ്‌ നേതാക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. ജവഹര്‍ലാല്‍ നെഹ്രുവും രാം മനോഹര്‍ ലോഹ്യയും ജയപ്രകാശ്‌ നാരായണനുമൊക്കെ നിസ്‌തുലമായ സേവനമാണ്‌ നിര്‍വ്വഹിച്ചത്‌. ഡിഡി കോസാംബി, രാഹുല്‍ സാംകത്യായന്‍, കെ ദാമോദരന്‍, ഇ എം എസ്‌, എന്‍ ഇ ബലറാം തുടങ്ങി വലിയൊരു വിഭാഗം ബുദ്ധിജീവികള്‍ ഈ പ്രക്രിയക്ക്‌ ഇടതുപക്ഷരാഷ്‌ട്രീയരംഗത്തുനിന്ന്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. ഹിന്ദുമഹാസഭ, ആര്‍ എസ്‌ എസ്‌, ജനസംഘം, മുസ്ലിംലീഗ്‌, ശിവസേന തുടങ്ങി പല രൂപങ്ങളില്‍, പല ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ട മതരാഷ്‌ട്രീയ സംഘടനകളുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന്‌ ആശയപരവും പ്രായോഗികവുമായ അടിത്തറയായി നിലനിന്നത്‌ ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഇ എം എസ്‌ വരെയുള്ളവരുടെ നിരന്തരമായ രാഷ്‌ട്രീയ ജാഗ്രതയായിരുന്നു എന്നു കാണാം.
ഇക്കാര്യത്തില്‍ 1980 കളുടെ തുടക്കം മുതല്‍ ഗൗരവമേറിയ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സിന്‌ ജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെട്ടുതുടങ്ങിയ എഴുപതുകളുടെ പകുതി മുതല്‍ക്കുതന്നെ ജാതിസംഘടനകളും സമുദായ സംഘടനകളും പ്രാദേശികവാദം അടിസ്ഥാനമാക്കിയ സങ്കുചിത പ്രസ്ഥാനങ്ങളുമൊക്കെ സാമൂഹ്യജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. പാര്‍ലമെന്ററി രംഗത്ത്‌ അധികാരം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗമായി ഇത്തരം സംഘടനകളുമായി സഖ്യം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സ്‌ നിര്‍ബന്ധിതമായതോടെ പിന്തിരിപ്പന്‍ ഘടകങ്ങള്‍ക്ക്‌ നമ്മുടെ സാമൂഹ്യജീവിതത്തെ വന്‍തോതില്‍ സ്വാധീനിക്കാവുന്ന പരിതഃസ്ഥിതി രൂപപ്പെടുകയായിരുന്നു. ജനാധിപത്യപ്രസ്ഥാനങ്ങളുമായി വിലപേശാനും തെരഞ്ഞെടുപ്പുഗോദയിലെ പരീക്ഷണങ്ങള്‍ക്കു പിന്‍ബലമായി വോട്ടു ബാങ്കിനെ പ്രതിഷ്‌ഠിക്കാനും ജാതി, സമുദായസംഘടനകളും മതരാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങി. ന്യൂനപക്ഷവര്‍ഗ്ഗീയതയും ഭൂരിപക്ഷവര്‍ഗ്ഗീയതയും നമ്മുടെ രാഷ്‌ട്രീയത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്‌. എണ്‍പതുകള്‍ മുതല്‍ക്കാണ്‌ ഈ പ്രക്രിയയ്‌ക്ക്‌ ഗതിവേഗമേറുന്നത്‌. തൊണ്ണൂറുകളില്‍ ഈ പ്രക്രിയ പ്രബലമായി. പുതിയ നൂറ്റാണ്ടില്‍ മുഖ്യരാഷ്‌ട്രീയ പ്രശ്‌നമായി ഇത്തരം പിന്തിരിപ്പന്‍ രാഷ്‌ട്രീയ ഘടകങ്ങള്‍ ജനാധിപത്യവ്യവസ്ഥയില്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്‌തു.
സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനിലും അഫ്‌ഗാനിസ്ഥാനിലും പോളണ്ടിലും ഇതരകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം പ്രകടമായിരുന്ന മതരാഷ്‌ട്രീയത്തിന്റെ വളര്‍ച്ച സോഷ്യലിസ്റ്റ്‌ രാഷ്‌ട്രീയക്രമത്തിനെതിരെ സാമ്രാജ്യത്വം ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ഒരു രാഷ്‌ട്രീയായുധമായിരുന്നുവെന്ന്‌ ഇന്നു നമുക്കറിയാം. ആധുനിക രാഷ്‌ട്രീയക്രമത്തിന്‌ ആവശ്യമല്ലാത്ത മതാത്മകതയെ വന്‍തോതില്‍ വളര്‍ത്തിയെടുത്താണ്‌ സാമ്രാജ്യത്വം അവിടങ്ങളില്‍ വിജയം വരിച്ചത്‌. ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാഷ്‌ട്രങ്ങളില്‍ മതരാഷ്‌ട്രീയം വീണ്ടും ശക്തിപ്പെട്ടുതുടങ്ങിയതും സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയുടെ കാലത്തുതന്നെയാണ്‌ എന്നത്‌ യാദൃച്ഛികമല്ല. വര്‍ഗ്ഗീയ രാഷ്‌ട്രീയത്തോട്‌ കൃത്യമായ നിലപാട്‌ സ്വീകരിക്കാന്‍ ഇടതുപക്ഷക്കാര്‍ ലോകത്തെങ്ങും നിര്‍ബന്ധിതരായതിന്റെ ചുറ്റുപാട്‌ മറ്റൊന്നുമല്ല. അഖിലേന്ത്യാ മുസ്ലിംലീഗിനോടും ബി ജെ പി യോടും കൃത്യമായ അകല്‍ച്ച സൂക്ഷിക്കാന്‍ സി പി ഐ എമ്മും സി പി ഐയുമൊക്കെ തയ്യാറാവുന്നത്‌ എണ്‍പതുകളുടെ പകുതിയോടെയാണ്‌ എന്നു നമുക്കറിയാം. സാര്‍വ്വദേശീയമായിത്തന്നെ ഇത്തരമൊരു നിലപാടിലെത്താന്‍ ഇടതുപക്ഷം പ്രേരിപ്പിക്കപ്പെടുകയായിരുന്നു.
എണ്‍പതുകളുടെ ഒടുവിലാരംഭിക്കുന്ന ഹിന്ദുത്വവേലിയേറ്റം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഹിംസാത്മകമായ ഹിന്ദുവര്‍ഗ്ഗീയതക്ക്‌ ഫാസിസത്തിന്റേതായ രൂപപരിണാമങ്ങളുണ്ടായിരുന്നു. കൃത്യമായ സാമ്രാജ്യത്വാനുകൂല സാമ്പത്തിക സമീപനവും ഇതിന്റെ സവിശേഷതയായിരുന്നു. സാമ്രാജ്യത്വത്തിന്റെ ഉറച്ച പിന്‍ബലവും സാമ്പത്തികസഹായവുമൊക്കെ ഹിന്ദുത്വക്കു പിറകിലുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണസാമ്പത്തിക നടപടികള്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദ്ദപ്രക്രിയയായിട്ടാണ്‌ ഹിന്ദുത്വവേലിയേറ്റം ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചത്‌. സാമൂഹ്യമെന്നതിനേക്കാള്‍ സാമ്പത്തികമായിരുന്നു അതിന്റെ പ്രത്യാഘാതം. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുതൊട്ട്‌ ഗുജറാത്തിലെ മുസ്ലിംവംശഹത്യവരെ നീളുന്ന പ്രവര്‍ത്തനപദ്ധതികളിലൂടെ മതനിരപേക്ഷജീവിതവ്യവസ്ഥയെയും ജനാധിപത്യരാഷ്‌ട്രീയഘടനയെയും പ്രതിസന്ധിയിലെത്തിക്കുകയാണ്‌ ഹിന്ദുത്വരാഷ്‌ട്രീയം ചെയ്‌തത്‌. ഇതിനെതിരെയുള്ള ധീരമായ ചെറുത്തുനില്‌പിന്‌ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരു ദശകക്കാലത്തെ അനുഭവം വ്യത്യസ്‌തമായ ഒന്നാണ്‌.
ഉത്തരേന്ത്യയില്‍ ഹിന്ദുത്വ രാഷ്‌ട്രീയം സൃഷ്‌ടിച്ച മുന്നേറ്റത്തിന്‌ ആനുപാതികമായ വളര്‍ച്ച കേരളത്തില്‍ നേടിയെടുക്കാന്‍ ഇവിടത്തെ ഹിന്ദുത്വശക്തികള്‍ക്ക്‌ സാധിച്ചിട്ടില്ല എന്ന വസ്‌തുത വളരെ പ്രധാനമാണ്‌. കേരളത്തില്‍ ഹിന്ദു, മുസ്ലിം, ക്രൈസ്‌തവ മതസമുദായങ്ങള്‍ ഏറെക്കുറെ തുല്യശക്തിയായതിനാലും രാഷ്‌ട്രീയ - സാമ്പത്തിക മണ്‌ഡലങ്ങളില്‍ സമ്മര്‍ദ്ദശക്തിയാവാന്‍ എല്ലാവര്‍ക്കും കഴിയുന്നതിനാലുമുള്ള പ്രത്യേകതയായിരുന്നു ഇത്‌. മാത്രവുമല്ല എല്ലാ വിഭാഗത്തിലുംപെട്ട മതനിരപേക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയതക്കെതിരെയും ഫാസിസ്റ്റ്‌ ചിന്തകള്‍ക്കെതിരെയും ഉറച്ചുനിന്ന്‌ പോരാടുന്ന പ്രദേശം കൂടിയായി കേരളം വളരെ മുമ്പേ മാറിയിരുന്നു. പാര്‍ലമെന്ററിരംഗത്ത്‌ ഹിന്ദുത്വശക്തികള്‍ക്ക്‌ ദുര്‍ബ്ബലമായ പ്രാതിനിധ്യമേ ഇവിടെയുള്ളൂ എന്നതും മതനിരപേക്ഷരാഷ്‌ട്രീയത്തിന്‌ ശക്തിപകരുന്ന ഘടകമായിരുന്നു. ഇക്കാരണങ്ങളാലെല്ലാം ബാബ്‌റിമസ്‌ജിദ്‌ തകര്‍ച്ച മുതല്‍ ഗുജറാത്ത്‌ നരമേധം വരെ സൃഷ്‌ടിച്ച വൈകാരികമായ ആഘാതങ്ങള്‍ മുസ്ലിം സമൂഹത്തിലാണ്‌ വലിയ തോതില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചത്‌. മുസ്ലിം സമൂഹത്തില്‍ പുതിയ സംഘടനകളും പുതിയ പ്രവര്‍ത്തന ശൈലിയും രൂപപ്പെടുന്നതിനാണ്‌ ഇത്‌ ഇടയാക്കിയത്‌. ഇക്കാര്യത്തില്‍ അബ്‌ദുല്‍നാസര്‍ മഅ്‌ദനിയാണ്‌ വലിയ സംഭാവന നല്‍കിയത്‌. കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലിലടക്കപ്പെടും മുമ്പുള്ള മഅ്‌ദനിയുടെ പ്രവര്‍ത്തനശൈലിയും പ്രചാരണവിഷയങ്ങളും ഇപ്പോള്‍ വീണ്ടും പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. മതതീവ്രവാദ രാഷ്‌ട്രീയത്തിന്റെ ആധുനിക രൂപമായിരുന്നു മഅ്‌ദനി കേരളത്തില്‍ പ്രയോഗിച്ചത്‌. കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്‌ടിച്ചത്‌ മദനിയുടെ പ്രവര്‍ത്തനങ്ങളാണ്‌. ഇക്കാര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനോ പി കെ കുഞ്ഞാലിക്കുട്ടിക്കോ ഒക്കെ മഅ്‌ദനിയെ അത്ഭുതാദരങ്ങളോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്നതാണ്‌ ചരിത്രം. മതരാഷ്‌ട്രീയം അടിസ്ഥാനപരമായി സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമി പോലുള്ള സാര്‍വ്വദേശീയ പ്രസ്ഥാനങ്ങളുടെ അജണ്ടക്കു വിധേയമായാണ്‌ മഅ്‌ദനിയും പ്രവര്‍ത്തിച്ചിട്ടുള്ളത്‌.
മഅ്‌ദനി തുടക്കമിട്ട ഐ എസ്‌ എസ്‌, മജ്‌ലിസ്‌ തുടങ്ങിയ സംഘടനകളില്‍ നിന്നു പരിശീലനം ലഭിച്ച കേഡറുകള്‍ പിന്നീട്‌ എന്‍ ഡി എഫ്‌ (പോപ്പുലര്‍ ഫ്രണ്ട്‌ എന്ന്‌ ഇപ്പോള്‍ പേരുമാറ്റി) അടക്കമുള്ള മതതീവ്രവാദസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമായി അണിനിരന്നിട്ടുണ്ട്‌. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ മതതീവ്രവാദ ഉള്ളടക്കമുള്ള ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള അടിത്തറയാണ്‌ ഇപ്പോഴിവര്‍. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരുമായി ഐക്യപ്പെടുക എന്നതാണ്‌ ഇപ്പോഴിവരുടെ ജന്മാഭിലാഷം. ഈയര്‍ത്ഥത്തില്‍ പുതിയൊരു രാഷ്‌ട്രീയം കേരളത്തില്‍ രൂപപ്പെടുന്നതിന്റെ പ്രസവവേദനയാണ്‌ പൊന്നാനിയില്‍ അനുഭവപ്പെടുന്നത്‌. കുറ്റിപ്പുറത്തു നിന്നു സ്വതന്ത്രനായി വിജയിച്ച കെ ടി ജലീലും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി ഡി പി നേതാവ്‌ മഅ്‌ദനിയും പുരോഗമനസാംസ്‌കാരിക കമ്മീസാര്‍ കെ ഇ എന്‍ കുഞ്ഞഹമ്മദുമൊക്കെ ഈ പ്രക്രിയയില്‍ പങ്കാളികളാണ്‌. പക്ഷേ സ്വന്തം വീട്ടിലല്ല അയല്‍വീട്ടിലാണ്‌ ഈ ക്രിയ അവര്‍ നടപ്പാക്കുന്നത്‌ എന്നതാണ്‌ ഇതിലെ പരിഹാസ്യമായ വശം. എന്തുകൊണ്ട്‌ മുസ്ലിംലീഗ്‌ പ്രബലശക്തിയായ മലപ്പുറം ലോക്‌സഭാ മണ്‌ഡലത്തില്‍ സി പി ഐ എം സ്വതന്ത്രനെ മുന്‍നിര്‍ത്തി ഇത്തരമൊരു പരീക്ഷണത്തിന്‌ പിണറായി തുനിഞ്ഞില്ല എന്നത്‌ ചിന്തനീയമാണ്‌. കമ്മ്യൂണിസ്റ്റ്‌ തലമുറയിലെ കാരണവരായിരുന്ന ഇമ്പിച്ചിബാവയുടെ പോരാട്ടവീറിന്റെ കേന്ദ്രമായിരുന്ന പൊന്നാനി തന്നെ ഇതിനു കണ്ടെത്തിയത്‌ ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാം.
രണ്ട്‌
ആദ്യകാല മഅ്‌ദനിയും പില്‍ക്കാല മദനിയും തമ്മില്‍ മൗലികമായി ഒരുപാട്‌ വ്യത്യാസങ്ങളുണ്ട്‌ എന്ന്‌ ചിന്തിക്കുന്ന ശുദ്ധാത്മാക്കളുണ്ട്‌. കോയമ്പത്തൂര്‍ ജയിലിലെ താമസം മഅ്‌ദനിയെ ഗാന്ധിയനാക്കി മാറ്റി എന്നു തെറ്റിദ്ധരിക്കാന്‍ അത്തരം ശുദ്ധാത്മാക്കള്‍ക്കേ കഴിയൂ. `മഅ്‌ദനിപ്രതിഭാസം' എന്നു വിശേഷിപ്പിക്കാവുന്ന രാഷ്‌ട്രീയത്തിന്റെ ഉള്ളടക്കത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്നാണ്‌ നാം പരിശോധിക്കേണ്ടത്‌. പിന്നോക്ക ദളിത്‌ മതന്യൂനപക്ഷ ഇടതുപക്ഷ ഐക്യം എന്ന പുതിയ മുദ്രാവാക്യത്തിന്റെ നേതൃത്വം വഹിക്കാനുള്ള പരിശ്രമമാണ്‌ മദനി ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു നടത്തുന്നത്‌. ഇടതുമുന്നണിയുമായി പി ഡി പിയേക്കാള്‍ ആത്മബന്ധമുള്ള ഐ എന്‍ എല്ലിനുപോലും കിട്ടാത്ത പരിഗണനയാണ്‌ മഅ്‌ദനിക്ക്‌ സി പി ഐ എം നേതൃനിരയില്‍ നിന്നു കിട്ടുന്നത്‌. മഅ്‌ദനി മതരാഷ്‌ട്രീയം കൈയൊഴിക്കുകയോ മാര്‍ക്‌സിസ്റ്റ്‌ രാഷ്‌ട്രീയം സ്വീകാര്യമാണെന്ന്‌ പ്രഖ്യാപിക്കുകയോ ചെയ്‌തിട്ടില്ല. കോയമ്പത്തൂര്‍ ജയില്‍ മോചന ശേഷം മദനി പ്രഖ്യാപിച്ചുകൊണ്ടിരുന്നത്‌ തനിക്കിനി ആത്മീയമായ ചുമതലകളാണ്‌ മുഖ്യം എന്നാണ്‌. അദ്ദേഹം ഈജിപ്‌തിലെ ഒരു ത്വരീഖത്ത്‌ നേതാവിന്റെ ശിഷ്യനാണെന്ന്‌ പരസ്യപ്പെടുത്തുകപോലുമുണ്ടായി. ത്വരീഖത്തും കടന്ന്‌ ഇപ്പോള്‍ എ കെ ജി സെന്ററിന്റെ അകത്തളത്തിലെത്താന്‍ മഅ്‌ദനിയെ പ്രേരിപ്പിച്ചതെന്താവാം? കാശ്‌മീരിലെ കുപ്‌വാരയില്‍ വെടിയേറ്റുമരിച്ച മലയാളി ചെറുപ്പക്കാര്‍ക്ക്‌ പി ഡി പിയുമായും മജ്‌ലിസുമായും ഐ എസ്‌ എസ്സുമായും ഒക്കെ ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാവുമോ? (ഒരു പക്ഷേ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ എല്ലാമറിയാനിടയുണ്ട്‌)
സി പി ഐ എം നേതൃത്വം പരീക്ഷിക്കുന്ന ഈ പുതിയ അടവുനയം തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുമ്പോള്‍ അവരെ തുണക്കുമോ എന്നു കാത്തിരുന്നു കാണാം. പക്ഷേ വര്‍ഗ്ഗീയ ശക്തികളോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എവിടെവെച്ചാണ്‌ കൈയൊഴിക്കപ്പെട്ടത്‌ എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. അധികാരമുറപ്പിക്കാന്‍ ഏതുതരം വര്‍ഗ്ഗീയതയുമായി സന്ധിചെയ്യുന്നതാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുമേല്‍ ഇടതുപക്ഷം ആരോപിച്ചിരുന്ന ഏറ്റവും വലിയ കുറ്റം. മുസ്ലിം ലീഗിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ചുമക്കുന്നതിന്‌ കേരളത്തില്‍ കോണ്‍ഗ്രസ്സ്‌ ഏറ്റുവാങ്ങിയ അധിക്ഷേപത്തിന്‌ കണക്കില്ല. കേരളത്തിനു വെളിയില്‍ ഹിന്ദുത്വ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ്‌ ബന്ധപ്പെടുന്നു എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്‌. തരാതരംപോലെ വര്‍ഗ്ഗീയതയുമായി സന്ധിചെയ്യുന്നു എന്ന ആക്ഷേപം ഇനിമേല്‍ കോണ്‍ഗ്രസ്സിനെതിരെ ഉന്നയിക്കാന്‍ സി പി ഐ എമ്മിനു സാധിക്കില്ല. കാരണം കോണ്‍ഗ്രസ്‌ കൊടില്‍കൊണ്ടുപോലും സ്‌പര്‍ശിക്കാന്‍ മടിച്ചവരെ വാരിയെടുത്ത്‌ മടിയിലിരുത്തിയാണ്‌ ഇപ്പോള്‍ ഇടതുപക്ഷം യാത്ര ചെയ്യുന്നത്‌. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പി ഡി പിയും ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുക്കളായിരിക്കുന്നു. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലുള്‍പ്പെടെ പലേടത്തും ബി ജെ പിയും സി പി ഐ എമ്മിന്റെ അഭ്യുദയകാംക്ഷികളായിക്കൊണ്ടിരിക്കുന്നു. ജനപക്ഷം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിഘടിത ബി ജെ പിയുടെ പിന്തുണയും ഇടതുപക്ഷത്തിനാണ്‌. ഈ പിന്തുണയെല്ലാം ചേരുമ്പോള്‍ ഇടതുപക്ഷം നേടാനിടയുള്ള മഹാവിജയം ആരെയും അമ്പരപ്പിക്കാനിടയുണ്ട്‌.
വര്‍ഗ്ഗീയത, മതമൗലികവാദം, മതതീവ്രവാദം, മതഭീകരവാദം തുടങ്ങിയ സംവര്‍ഗ്ഗങ്ങളെക്കുറിച്ചും അവയുടെ പ്രായോഗികമായ ഇടപെടലുകളെക്കുറിച്ചും ആഴത്തിലുള്ള പഠനവും വിശകലനവും നടത്താന്‍ ഇടതുപക്ഷരാഷ്‌ട്രീയ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍ കേരളത്തില്‍ ഗുരുതരമായ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളാണ്‌ സംഭവിക്കുക. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ ജീവിതവ്യവസ്ഥ കീഴ്‌മേല്‍ അട്ടിമറിക്കപ്പെടുകയാവും ഫലം. മാഫിയാമൂലധനത്തിന്റെ ഒഴുക്കിനൊപ്പിച്ച്‌ പണസമാഹരണം എന്ന ഏക അജണ്ട ലക്ഷ്യമാക്കി കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയത്തിന്റെ ദിശ തീരുമാനിച്ചാല്‍ തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും ഒക്കെ കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയം നേരിട്ട തിരിച്ചടി ഇവിടെയും അനുഭവിക്കേണ്ടിവരും. ആഗോളവല്‍ക്കരണം കെട്ടഴിച്ചുവിട്ട മൂലധനപ്രവാഹമാണ്‌ മഅ്‌ദനി ഉള്‍പ്പെടെയുള്ളവരുടെ രാഷ്‌ട്രീയമായ ഉയര്‍ച്ചയുടെ അടിസ്ഥാനം എന്നു തിരിച്ചറിയാതെ ഇത്തരം പിന്തിരിപ്പന്‍ ഘടകങ്ങളുമായി സഖ്യം ചേരുന്നത്‌ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ക്കുകയാണ്‌ ചെയ്യുക. ഒരേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ സാംസ്‌കാരിക - ധൈഷണിക നേതൃത്വവും സി പി ഐ എമ്മിന്റെ ധൈഷണിക നേതൃത്വവും വഹിക്കുന്ന പോസ്റ്റ്‌ മോഡേണ്‍ കുഞ്ഞുഹമ്മദുമാര്‍ ഉപദേശിക്കുന്നതുകേട്ട്‌ തലകുലുക്കുന്ന പിണറായി മതനിരപേക്ഷ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ഇ എം എസിന്റെ നിലപാടുകളെങ്കിലും വീണ്ടും പഠിക്കുന്നത്‌ നല്ലതാണ്‌. മുന്‍കാല സിമി നേതാക്കളായ കെ ടി ജലീലിന്റെയും അബ്‌ദു സമദ്‌ സമദാനിയുടെയുമൊക്കെ കാവ്യാത്മകമായ പ്രയോഗങ്ങളില്‍ മനം മയങ്ങി പാര്‍ട്ടിയും മുന്നണിയും പൊളിക്കാനാണ്‌ താല്‍പ്പര്യമെങ്കില്‍ പിണറായിയോട്‌ മറ്റൊന്നും പറയാനില്ല. `കുലംകുത്തി'യെന്ന പ്രയോഗം തനിക്കുനേരെ വന്നു വീഴുന്ന ബൂമറാങ്ങായി മാറുമെന്ന്‌ അറിയാനുള്ള വിവേകമെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ എന്നേ ആഗ്രഹിക്കുന്നുള്ളൂ.

-കെ എസ്‌ ഹരിഹരന്‍
കടപ്പാട്: ജനശക്തി വാരിക

1 comment:

bipin's views. said...

Move on couragiously keeping the third eye open.

Blog Archive

About Me

My photo
കൂത്തുപറമ്പ്, India
ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്‍‌ക്ക നീ..!!